2019 മാർച്ച് 10, ഞായറാഴ്ച
തപസ്സുകാലത്തിലെ ഒന്നാം ഞായർ, വർഷം C

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ യേശു ജോർദാനിൽനിന്നു മടങ്ങി; നാല്പതു ദിവസം പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവിനാൽ മരുഭൂമിയിലേക്കു നയിക്കപ്പെട്ടു. ലൂക്കാ 4:1-2
യേശുവിന് എത്ര വേദനാജനകമായ അനുഭവമായിരുന്നു അത്! ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ, ഇത് മനസ്സിലാക്കാൻ പ്രയാസമായേക്കാം… കുറഞ്ഞപക്ഷം ആദ്യമെങ്കിലും.
ദൈവപുത്രനും മിശിഹായും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും മഹാനായ ‘ഞാൻ ആകുന്നവനും’ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായ യേശു മരുഭൂമിയിലാണ്. പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടും വന്യമൃഗങ്ങൾക്കിടയിൽ ജീവിച്ചും നാല്പതു ദിവസം അവിടുന്ന് കഷ്ടത അനുഭവിക്കുന്നു. എന്തിനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്? പിതാവായ ദൈവം എന്തിനാണ് ഇത് അനുവദിച്ചത്? അതിലുപരി, വേദനാജനകമായ ഈ 40 ദിവസങ്ങൾ അനുഭവിക്കാൻ യേശുവിനെ മരുഭൂമിയിലേക്കു നയിച്ചത് യഥാർഥത്തിൽ പരിശുദ്ധാത്മാവാണെന്നാണ് പറയുന്നത്!
മനുഷ്യജീവിതത്തിൽ യേശു സഹിച്ചതും അനുഭവിച്ചതുമായ സകലതിനെക്കുറിച്ചും നാം ഒരുപക്ഷേ അപൂർവമായേ ചിന്തിക്കാറുള്ളൂ. തീർച്ചയായും, അവിടുത്തെ കുരിശുമരണത്തെക്കുറിച്ച് നാം ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. എന്നാൽ, അവിടുന്ന് ഉയിർത്തെഴുന്നേറ്റു എന്ന നമ്മുടെ അറിവ് പലപ്പോഴും ആ സഹനത്തെപ്പോലും മറച്ചുകളയുന്നു. ജീവിതത്തിലുടനീളം അവിടുന്ന് അനുഭവിച്ച സഹനങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ എളുപ്പമാണ്. തന്റെ മനുഷ്യാവസ്ഥയിൽ അവിടുന്ന് അനുഭവിച്ച സകലതിന്റെയും കാരണം നാം കാണാതെ പോകാനും എളുപ്പമാണ്.
അപ്പോൾ ഇതിന്റെയെല്ലാം അർഥമെന്താണ്? നമ്മോടെല്ലാവരോടുമുള്ള സ്നേഹമാണ് ഇതിന്റെ പിന്നിൽ. നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന എല്ലാത്തരം ക്ലേശങ്ങളും മാനുഷിക സഹനങ്ങളും ഏറ്റെടുക്കാൻ സന്നദ്ധനാകുവോളം ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതാണ് ഇതിന്റെ അർഥം. നമ്മുടെ മുഖത്തേക്കു നേരെ നോക്കി, “അതെ, നീ കടന്നുപോകുന്നത് എന്തിലൂടെയാണെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്… തീർച്ചയായും മനസ്സിലാകുന്നുണ്ട്” എന്നു പറയാൻ ദൈവത്തിനു കഴിയുന്നു എന്നതാണ് ഇതിന്റെ അർഥം. ഇതാണ് സ്നേഹം. നമ്മുടെ ബലഹീനതകളും വേദനയും അനുഭവിക്കാൻ ദൈവംതന്നെ സന്നദ്ധനാകുന്നത്ര ആഴമുള്ള സ്നേഹമാണിത്. അങ്ങനെ, അവിടെവച്ച് നമ്മെ കണ്ടുമുട്ടാനും, നാം എന്തിലൂടെ കടന്നുപോയാലും അതിന്റെ നടുവിൽ നമ്മെ ആശ്വസിപ്പിക്കാനും, അതിൽനിന്ന് അവിടുന്ന് നമുക്കായി ഒരുക്കിയിരിക്കുന്ന പുതുജീവിതത്തിലേക്ക് നമ്മെ സൗമ്യമായി ഉയർത്താനും അവിടുത്തേക്കു കഴിയും. വീണ്ടും പറയട്ടെ, ഇതാണ് സ്നേഹം!
ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു “നയിച്ചു” (മത്തായിയുടെ വിവരണം); “തള്ളിവിടുക”പോലും ചെയ്തു (മർക്കോസിന്റെ വിവരണം). ഈ അനുഭവം ദൈവത്തിന്റെ പദ്ധതിയും തിരുവിഷ്ടവുമായിരുന്നുവെന്ന് നമ്മോടു പറയാനുള്ള ഒരു രീതിയായിരുന്നു ഇത്. വിചിത്രമായ ഏതോ യാദൃച്ഛികസംഭവം യേശുവിന്റെമേൽ അടിച്ചേൽപ്പിച്ച ഒന്നായിരുന്നില്ല അത്. അത് ദൗർഭാഗ്യമോ നിർഭാഗ്യകരവും അർഥശൂന്യവുമായ ഒരു മനുഷ്യസഹനമോ ആയിരുന്നില്ല. അല്ല, ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള സഹനമായിരുന്നു അത്. ഒരു ഉദ്ദേശ്യത്തോടെയുള്ള സഹനം. നാം അനുഭവിക്കുന്നതും സ്വീകരിക്കേണ്ടതുമായ സകലതും അനുഭവിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നത് ആ ഉദ്ദേശ്യത്തിന്റെ ഒരു ഭാഗമായിരുന്നു.
ജീവിതത്തിലെ പ്രലോഭനം ഒരു യാഥാർഥ്യമാണ്. പതിതമായ നമ്മുടെ മനുഷ്യസ്വഭാവത്തിന്റെ ഫലമാണത്. നമ്മുടെ ബലഹീനതയിൽനിന്നു മാത്രമല്ല, ദുഷ്ടനിൽനിന്നും അതു വരുന്നു. പ്രലോഭനം ഭാരമേറിയ ഒരു ചുമടാകാം; വൈകാരികവും മാനസികവുമായ കഠിനവേദനയ്ക്കും അതു കാരണമാകാം. പ്രലോഭനത്തിനു വഴങ്ങുമ്പോൾ അതിലും ആഴത്തിലുള്ള ആത്മീയവേദന ഉണ്ടാകുന്നു. മരുഭൂമിയിലെ പ്രലോഭനങ്ങൾക്ക് യേശു ഒരിക്കലും വഴങ്ങിയില്ല; തന്റെ ജീവിതത്തിലെ മറ്റൊരു സമയത്തും അവിടുന്ന് പ്രലോഭനങ്ങൾക്കു വഴങ്ങിയില്ല. എങ്കിലും അവിടുന്ന് അവയെ സഹിക്കുകയും അവയുടെ വേദന അനുഭവിക്കുകയും ചെയ്തു.
ഓരോ ദിവസവും നാം എന്തുതരം പ്രലോഭനങ്ങൾ നേരിട്ടാലും, അവയ്ക്കിടയിൽ അവിടുത്തേക്കു നമ്മുടെ ശക്തിയും പ്രചോദനവുമാകാൻ കഴിയുമെന്ന് ഇത് നമ്മോടു പറയുന്നു. ചില ദിവസങ്ങളിൽ, നമ്മുടെ പാപങ്ങളുടെ മരുഭൂമിയിലേക്കു തള്ളപ്പെട്ട ഒരാളുടെ ഏകാന്തതയും ഒറ്റപ്പെടലും നമുക്ക് അനുഭവപ്പെട്ടേക്കാം. ക്രമരഹിതമായ നമ്മുടെ വികാരാവേശങ്ങളാകുന്ന വന്യമൃഗങ്ങൾ നമ്മെ കീഴടക്കുന്നതുപോലെ നമുക്കു തോന്നിയേക്കാം. ദുഷ്ടൻ നമ്മെ തന്റെ ഇഷ്ടത്തിനൊത്തു നടത്തുന്നതുപോലെയും തോന്നിയേക്കാം. യേശുവിനും ഇങ്ങനെയൊക്കെ അനുഭവപ്പെട്ടിട്ടുണ്ട്. തന്റെ മനുഷ്യസ്വഭാവത്തിൽ ഇത് അനുഭവിക്കാൻ അവിടുന്ന് സ്വമനസ്സാലെ അനുവദിച്ചു. പിതാവിന്റെ തിരുഹിതവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവുമാണ് അവിടുത്തെ ഈ അനുഭവത്തിലേക്കു നയിച്ചത്.
ഈ കാരണങ്ങളാൽ, നിങ്ങളുടെ ഉള്ളിലെ ഈ മരുഭൂമിയിൽ നിങ്ങളെ കണ്ടുമുട്ടാൻ കഴിയുന്നത് യേശുവിനുതന്നെയാണ്. നിങ്ങളെ കാത്തും അന്വേഷിച്ചും വിളിച്ചും അവിടുന്ന് അവിടെയുണ്ട്. നിങ്ങൾ കടന്നുപോകുന്ന ഏതൊരു അനുഭവത്തിന്റെയും നടുവിൽ അവിടുന്നുണ്ട്. മരുഭൂമിയിലെ ഈ പ്രലോഭനത്തെ പരാജയപ്പെടുത്തിയ അവിടുന്നുതന്നെയാണ് നിങ്ങളെ സൗമ്യമായി പുറത്തേക്കു നയിക്കുക. നിങ്ങളെ കണ്ടുമുട്ടാനും തിരികെ കൊണ്ടുവരാനുമാണ് അവിടുന്ന് മരുഭൂമിയിലേക്കു പോയത്. ഈ മരുഭൂമിയിൽ ദൈവദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചതുപോലെ, നിങ്ങളെ ശുശ്രൂഷിക്കാനും അവിടുന്ന് ആ ദൂതന്മാരെ അയയ്ക്കുന്നു.
അതിനാൽ, ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലെ “മരുഭൂമി” ചെറിയൊരു അസ്വസ്ഥത മാത്രമായാലും, തികഞ്ഞ നിരാശയ്ക്കെതിരായ പോരാട്ടമായാലും, നിങ്ങളെ കണ്ടുമുട്ടാനും അതിൽനിന്നു പുറത്തുകൊണ്ടുവരാനും യേശു ആഗ്രഹിക്കുന്നു. അവിടുന്ന് എന്നേക്കുമായി മരുഭൂമിയെ ജയിച്ചു; നിങ്ങളുടെ ജീവിതത്തിലെ ഏതു മരുഭൂമിയെയും ജയിക്കാൻ അവിടുത്തേക്കു കഴിയും.
കർത്താവേ, എന്നോടുള്ള അങ്ങയുടെ പരിപൂർണസ്നേഹം ഞാൻ അംഗീകരിക്കുന്നു. എല്ലാ സഹനങ്ങളും സഹിക്കാനും എല്ലാ സഹനങ്ങളും മനസ്സിലാക്കാനും എന്റെതന്നെ ആന്തരിക വരൾച്ചയിൽനിന്നും വേദനയിൽനിന്നും എന്നെ പുറത്തുകൊണ്ടുവരാനും തക്കവിധം അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആത്മാവിന്റെതന്നെ മരുഭൂമിയിലേക്ക് അങ്ങ് നയിക്കപ്പെടാൻ ഞാൻ അനുവദിക്കുമാറാകട്ടെ. അവിടെ അങ്ങയെ കണ്ടുമുട്ടുമ്പോൾ, കുളിർമയും ഉന്മേഷവും പകരുന്ന ജലാശയങ്ങളിലേക്ക് എന്നെ നയിക്കാൻ ഞാൻ അങ്ങയെ അനുവദിക്കുമാറാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ: വിചിന്തനം നാല് – ആത്മീയ സൗഹൃദം>>>
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തിനായുള്ള കൂടുതൽ സഹായവിഭവങ്ങൾ>>>





