ഡിസംബർ 28, 2019
രക്തസാക്ഷികളായ വിശുദ്ധ പിഞ്ചുപൈതങ്ങൾ—തിരുനാൾ
ക്രിസ്മസ് അഷ്ടദിനാഘോഷത്തിന്റെ നാലാം ദിവസം
ഇന്നത്തെ വായനകൾ

ജ്ഞാനികൾ തന്നെ കബളിപ്പിച്ചുവെന്നു മനസ്സിലാക്കിയപ്പോൾ ഹേറോദേസ് അത്യന്തം കോപിച്ചു. ജ്ഞാനികളിൽനിന്ന് താൻ മനസ്സിലാക്കിയ സമയമനുസരിച്ച്, ബേത്ലഹെമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൂട്ടക്കൊല ചെയ്യാൻ അവൻ ആജ്ഞാപിച്ചു. മത്തായി 2:16
ക്രിസ്മസ് അഷ്ടദിനാഘോഷത്തിന്റെ നാലാം ദിവസമായ ഇന്ന്, ഡിസംബർ 26-ന് വിശുദ്ധ സ്റ്റീഫന്റെ രക്തസാക്ഷിത്വത്തിരുനാളിൽ നമുക്കു ലഭിച്ചതിനു സമാനമായ ഒരു സാക്ഷ്യം നമുക്കു ലഭിക്കുന്നു. എന്നാൽ ഇന്നത്തെ തിരുനാൾ അതേ തിന്മയെ വ്യത്യസ്തവും കൂടുതൽ ദാരുണവുമായ ഒരു വെളിച്ചത്തിൽ അവതരിപ്പിക്കുന്നു. ഇവിടെ, അസൂയയും വിദ്വേഷവും നിമിത്തം, നവജാതനായ രാജാവ് യേശുവിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ ഹേറോദേസ് എണ്ണമറ്റ നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കിച്ചു.
മാതാപിതാക്കൾ നിസ്സഹായരായി നോക്കിനിൽക്കെ, പടയാളികൾ ആ നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കിക്കൊണ്ട് കടന്നുപോയപ്പോൾ ബേത്ലഹെം പട്ടണത്തിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞുനിന്നിരിക്കാവുന്ന ദുഃഖം നമുക്ക് സങ്കൽപ്പിക്കാനേ കഴിയൂ. ഒരു വശത്ത്, ദൈവം ഇത് അനുവദിച്ചു എന്നറിയുന്നത് ഞെട്ടലുളവാക്കുന്നു. മറുവശത്ത്, ആഴമായ വിശ്വാസത്തോടെ, ഈ നിരപരാധികളായ കുഞ്ഞുങ്ങൾ നൽകിയ സാക്ഷ്യം മനസ്സിലാക്കാൻ നാം പരിശ്രമിക്കണം.
ഇത് വാക്കുകൾക്കതീതമായ കുറ്റകൃത്യവും തിന്മയുമായിരുന്നെങ്കിലും, നിത്യതയുടെ കാഴ്ചപ്പാടിൽ ദൈവം ഇതിനു പരിഹാരം വരുത്തും. നിരപരാധികളായ ഈ ഇരകൾ സ്വർഗത്തിൽ എന്നേക്കും രക്തസാക്ഷിത്വത്തിന്റെ കിരീടം ധരിക്കുകയും, നവജാതനായ രാജാവിന്റെ ആദ്യസാക്ഷികളായി മാലാഖമാരാലും വിശുദ്ധരാലും ആദരിക്കപ്പെടുകയും ചെയ്യും. അന്നത്തെ വേദന ലഘൂകരിക്കാൻ ഇത് സഹായിച്ചിട്ടുണ്ടാകില്ലെങ്കിലും, ആ കുടുംബങ്ങൾ സ്വർഗത്തിലെ നീതിയിലേക്കു പ്രവേശിക്കുമ്പോൾ അവർ അനുഭവിച്ച വേദനയെ ഇത് തീർച്ചയായും രൂപാന്തരപ്പെടുത്തും.
അവരുടെ സാക്ഷ്യം നമ്മുടെ സ്വന്തം ജീവിതത്തെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നു. ജീവിതത്തിൽ പലപ്പോഴും കാര്യങ്ങൾ ഒട്ടും ന്യായമോ നീതിപൂർവകമോ ആയിരിക്കില്ലെന്ന് അത് വെളിപ്പെടുത്തുന്നു. ഈ നിരപരാധികളായ കുഞ്ഞുങ്ങളുടെ കൂട്ടക്കൊല ഈ യാഥാർഥ്യത്തെ ശക്തമായി ഓർമിപ്പിക്കുന്നു. എന്നാൽ നാം മുറുകെപ്പിടിക്കേണ്ട ഒരു കാര്യമുണ്ട്: ഒടുവിൽ ദൈവം എല്ലാ അനീതിയും പരിഹരിക്കും. ദൈവം ഈ ദുരന്തത്തെ മഹിമാപൂർണമായ ഒന്നാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ട്, ഇന്ന് നാം ഈ കുഞ്ഞുങ്ങളുടെ ബഹുമാനാർഥം ഗംഭീരമായ ഒരു തിരുനാൾ ആഘോഷിക്കുന്നു.
നമ്മിൽ ഓരോരുത്തരുടെയും കാര്യത്തിലും ഇതുതന്നെയാണ് സത്യം. നിങ്ങളുടെ “ദുരന്തം” എന്തുതന്നെയായിരുന്നാലും, എല്ലാം ശരിയാക്കേണ്ടതിനായി ദൈവപുത്രൻ പതിതമായ നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ച് നമ്മുടെ ലോകത്തിലേക്കു കടന്നുവന്നു എന്ന് അറിയുക.
ഈ ക്രിസ്മസ് കാലത്ത് നിങ്ങൾക്ക് ഏറ്റവും വേദനാജനകമായിരിക്കുന്ന കാര്യമെന്താണെന്ന് ഇന്ന് ധ്യാനിക്കുക. അത് എന്തുതന്നെയായാലും, ഈ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തോട് നിങ്ങളുടെ ഹൃദയവ്യഥയും വേദനയും ഇന്ന് ചേർത്തുവയ്ക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു. അവർക്കെല്ലാവർക്കും വേണ്ടി ദൈവം ഒടുവിൽ ചെയ്തതു നിങ്ങൾക്കുവേണ്ടിയും ചെയ്യാൻ അവിടുത്തെ അനുവദിക്കുക. അവിടുത്തെ മനുഷ്യാവതാരവും മരണവും ഉത്ഥാനവും നിങ്ങളുടെ ഹൃദയവ്യഥയെ രക്തസാക്ഷിത്വത്തിന്റെ കിരീടമാക്കി രൂപാന്തരപ്പെടുത്തട്ടെ. നിങ്ങൾ അനുവദിക്കുന്നെങ്കിൽ, ഒടുവിൽ നിങ്ങളുടെ ജീവിതത്തിൽ കർത്താവ് വിജയം വരിക്കും.
കർത്താവേ, എല്ലാ ഹൃദയവ്യഥയും വേദനയും ആശയക്കുഴപ്പവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. ഈ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തോട് ഇന്ന് ഞാൻ എന്നെത്തന്നെ ചേർത്തുവയ്ക്കുന്നു. ഇപ്പോൾ സ്വർഗത്തിൽ അങ്ങയോടൊപ്പം വാഴുന്ന അവരുടെ ജീവിതം, വരാനിരിക്കുന്നവയുടെ ഒരു അടയാളമാണ് എനിക്കെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് ഞങ്ങളുടെ രക്ഷകനാണെന്നും എല്ലാറ്റിനെയും നന്മയാക്കി മാറ്റാൻ അങ്ങേക്കു കഴിയുമെന്നുമുള്ള ഏറ്റവും വലിയ അടയാളമായിരുന്നു നമ്മുടെ ലോകത്തിലേക്കുള്ള അങ്ങയുടെ ജനനം. ഈശോയേ, എന്റെ ജീവിതം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു; എല്ലാ അനീതിയും അങ്ങ് പരിഹരിക്കുമെന്ന് ഞാൻ അറിയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.




