മലയാളം

നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ

ജൂൺ 14, 2022
ആണ്ടുവട്ടത്തിലെ പതിനൊന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും.”  മത്തായി 5:44-45a

നമ്മുടെ കർത്താവിന്റെ ഈ കല്പന പാലിക്കാൻ എളുപ്പമല്ല. എന്നാൽ ഇത് സ്നേഹത്തിന്റെ കല്പനയാണ്.

ആദ്യം, നമ്മുടെ ശത്രുക്കളെ സ്നേഹിക്കാൻ അവിടുന്ന് നമ്മെ വിളിക്കുന്നു. ആരാണ് നമ്മുടെ ശത്രുക്കൾ? നാം മനഃപൂർവം വെറുക്കാൻ തീരുമാനിച്ചവർ എന്ന അർഥത്തിൽ നമുക്ക് “ശത്രുക്കൾ” ഇല്ലെന്നു പ്രത്യാശിക്കാം. എന്നാൽ, ആരോടെങ്കിലും കോപം തോന്നാനുള്ള പ്രലോഭനം നമുക്കുണ്ടാകാം; അവരെ സ്നേഹിക്കാൻ നാം ബുദ്ധിമുട്ടുകയും ചെയ്യാം. അങ്ങനെയുള്ളവർ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കാം. ഒരുപക്ഷേ, ഇടപഴകാൻ നാം ബുദ്ധിമുട്ടുന്ന ആരെയും നമ്മുടെ ശത്രുക്കളായി കണക്കാക്കാം.

അവരെ സ്നേഹിക്കുക എന്നതിനർഥം നാം അവരുമായി ഉറ്റ ചങ്ങാതികളാകണമെന്നല്ല. എന്നാൽ കരുതലും താത്പര്യവും മനസ്സിലാക്കലും ക്ഷമയും നിറഞ്ഞ യഥാർഥ സ്നേഹം അവരോടു പുലർത്താൻ നാം പരിശ്രമിക്കണം എന്നാണ് അതിനർഥം. എല്ലാവരോടും ഇങ്ങനെ പെരുമാറുക പ്രയാസമായിരിക്കാം; എങ്കിലും അതായിരിക്കണം നമ്മുടെ ലക്ഷ്യം.

ഈ കല്പനയുടെ രണ്ടാം ഭാഗം നമുക്കു സഹായകമാകും. നമ്മെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നത്, നാം വളർത്തിയെടുക്കേണ്ട ഉചിതമായ സ്നേഹത്തിലും വാത്സല്യത്തിലും വളരാൻ നമ്മെ സഹായിക്കും. സ്നേഹത്തിന്റെ ഈ വശം വളരെ ലളിതവും വ്യക്തവുമാണ്; അതേസമയം വളരെ പ്രയാസകരവുമാണ്.

നിങ്ങൾക്ക് സ്നേഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ളവരെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾക്ക് കോപം തോന്നുന്നവരെക്കുറിച്ച്. അത് കുടുംബത്തിലെ ഒരാളോ, ജോലിസ്ഥലത്തുള്ള ആരെങ്കിലുമോ, അയൽക്കാരനോ, നിങ്ങളുടെ കഴിഞ്ഞകാല ജീവിതത്തിൽ ഉണ്ടായിരുന്നതും ഇതുവരെ നിങ്ങൾ രമ്യതയിലായിട്ടില്ലാത്തതുമായ ഒരാളോ ആകാം. ബാഹ്യമായോ ആന്തരികമായോ ഇടപഴകാൻ നിങ്ങൾ ബുദ്ധിമുട്ടുന്ന ഒരാളെങ്കിലും, ഒരുപക്ഷേ ഒന്നിലധികം പേർ, ഉണ്ടെന്ന് സത്യസന്ധമായി സമ്മതിക്കുന്നത് ഈ സുവിശേഷഭാഗത്തോടു യോജിക്കുന്നതാണ്. ഇത് സമ്മതിക്കുക എന്നത് സത്യസന്ധതയുടെ ഒരു പ്രവൃത്തി മാത്രമാണ്.

ഈ വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, നിങ്ങൾ അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടോ എന്നു ചിന്തിക്കുക. അവരെ പ്രാർഥനയിൽ ദൈവത്തിനു സമർപ്പിക്കാൻ നിങ്ങൾ പതിവായി സമയം ചെലവഴിക്കുന്നുണ്ടോ? ദൈവം തന്റെ കൃപയും കരുണയും അവരുടെമേൽ ചൊരിയണമെന്ന് നിങ്ങൾ പ്രാർഥിക്കുന്നുണ്ടോ? ഇതു ചെയ്യാൻ പ്രയാസമായിരിക്കാം; എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ഹിതകരമായ പ്രവൃത്തികളിലൊന്നാണിത്. അവരോടു സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ പ്രയാസമായിരിക്കാം; എന്നാൽ അവർക്കുവേണ്ടി പ്രാർഥിക്കാൻ ബോധപൂർവം തീരുമാനിക്കുക പ്രയാസമല്ല.

നമുക്ക് ഇടപഴകാൻ ബുദ്ധിമുട്ടുള്ളവർക്കുവേണ്ടി പ്രാർഥിക്കുക എന്നതാണ്, അവരോടുള്ള യഥാർഥ സ്നേഹവും കരുതലും നമ്മുടെ ഹൃദയങ്ങളിൽ വളർത്താൻ ദൈവത്തെ അനുവദിക്കുന്നതിനുള്ള താക്കോൽ. നമ്മുടെ വികാരങ്ങളെയും മനോഭാവങ്ങളെയും പുതുക്കാൻ ദൈവത്തെ അനുവദിക്കുന്ന ഒരു മാർഗമാണിത്. അങ്ങനെ കോപമോ വെറുപ്പുപോലുമോ നാം ഇനിയും മനസ്സിൽ സൂക്ഷിക്കേണ്ടിവരില്ല.

നിങ്ങൾക്ക് ഇടപഴകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യക്തിക്കുവേണ്ടി പ്രാർഥിക്കാൻ ഇന്ന് തീരുമാനിക്കുക. ഈ പ്രാർഥനകൊണ്ട് അവരോടുള്ള നിങ്ങളുടെ സ്നേഹം ഒറ്റരാത്രികൊണ്ട് മാറാൻ സാധ്യതയില്ല. എന്നാൽ എല്ലാ ദിവസവും ഈ രീതിയിൽ പ്രാർഥിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരായാൽ, കാലക്രമേണ ദൈവം നിങ്ങളുടെ ഹൃദയത്തെ പതുക്കെ മാറ്റും. എല്ലാ മനുഷ്യരോടും നിങ്ങൾക്കുണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന സ്നേഹത്തിൽനിന്ന് നിങ്ങളെ അകറ്റിനിർത്തിയേക്കാവുന്ന കോപത്തിന്റെയും മനോവേദനയുടെയും ഭാരത്തിൽനിന്ന് അവിടുന്ന് നിങ്ങളെ മോചിപ്പിക്കും.

പരിപൂർണ്ണ സ്നേഹത്തിന്റെ നാഥാ, ഞാൻ ആർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ, ആ വ്യക്തിക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.  എല്ലാവരെയും സ്നേഹിക്കാൻ എന്നെ സഹായിക്കണമേ; പ്രത്യേകിച്ച്, സ്നേഹിക്കാൻ പ്രയാസമുള്ളവരെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  അവരോടുള്ള എന്റെ വികാരങ്ങളെ ക്രമപ്പെടുത്തുകയും എല്ലാ കോപത്തിൽനിന്നും മുക്തനാകാൻ എന്നെ സഹായിക്കുകയും ചെയ്യണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

തിരുഹൃദയ നൊവേന
നൊവേന തീയതികൾ: ജൂൺ 15-23, 2022
ജൂൺ 24, 2022: തിരുഹൃദയത്തിന്റെ മഹാതിരുനാൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ഹിയറോണിമസ് ബോഷ് വരച്ച ‘മുൾമുടി ധരിപ്പിക്കപ്പെട്ട ക്രിസ്തു’, വിക്കിപീഡിയയിൽനിന്ന്