മലയാളം

ഇരട്ട അനുഗ്രഹം

സെപ്റ്റംബർ 13, 2023
സാധാരണകാലം ഇരുപത്തിമൂന്നാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം, മെത്രാനും വേദപാരംഗതനും—ഓർമ്മ

വീഡിയോ

“എന്നാൽ സമ്പന്നരായ നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ തൃപ്തരായിരിക്കുന്ന നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്ന നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ ദുഃഖിക്കുകയും കരയുകയും ചെയ്യും. എല്ലാവരും നിങ്ങളെക്കുറിച്ചു നല്ലതു പറയുമ്പോൾ നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, അവരുടെ പൂർവികർ വ്യാജപ്രവാചകരോടും ഇങ്ങനെതന്നെയാണു പെരുമാറിയത്.” ലൂക്കാ 6:24–26

സമ്പന്നരായിരിക്കുന്നതും വയറുനിറഞ്ഞിരിക്കുന്നതും ചിരിക്കുന്നതും എല്ലാവരും നിങ്ങളെക്കുറിച്ചു നല്ലതു പറയുന്നതും അപകടകരമാണോ? യേശുവിന്റെ വാക്കുകൾ അനുസരിച്ച് അങ്ങനെ തോന്നുന്നു. എന്തുകൊണ്ടാണ് യേശു ഈ കാര്യങ്ങൾക്കെതിരെ മുന്നറിയിപ്പു നൽകുന്നത്? അതിനു മുമ്പ്, ദരിദ്രരും വിശക്കുന്നവരും കരയുന്നവരും അപമാനിക്കപ്പെടുന്നവരുമായിരിക്കുന്നത് ഭാഗ്യമാണെന്ന് അവിടുന്ന് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണ്? അടിസ്ഥാനപരമായി, യേശു സാധാരണമായ നാലു പാപങ്ങളെ—അത്യാഗ്രഹം, അമിതഭോജനം, അസംയമം, വ്യർഥമഹത്വാഭിലാഷം എന്നിവയെ—കുറ്റപ്പെടുത്തുകയും അവയ്ക്ക് എതിരായ പുണ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു.

ദാരിദ്ര്യം, അതിൽത്തന്നെ, വിശുദ്ധി കൈവരിക്കാൻ പര്യാപ്തമല്ല. എന്നാൽ ലൂക്കായുടെ സുവിശേഷത്തിൽ, അക്ഷരാർഥത്തിൽ ദരിദ്രരായിരിക്കുന്നത് ഭാഗ്യമാണെന്ന് യേശു പ്രഖ്യാപിക്കുന്നു. “ആത്മാവിൽ ദരിദ്രരായിരിക്കുന്നത്” ഭാഗ്യമാണെന്നു പറയുന്ന മത്തായിയുടെ സുവിശേഷത്തേക്കാൾ ഒരു പടി മുന്നോട്ടുപോകുന്നതാണ് ഇത്. ആത്മാവിൽ ദരിദ്രരായിരിക്കുക എന്നതിന്റെ അർഥം, ദൈവത്തിന്റെ സമ്പത്തിനായി പൂർണമായി തുറന്നവരായിരിക്കാൻ കഴിയുന്നവിധം ഈ ലോകത്തിലെ ഭൗതികവസ്തുക്കളോടുള്ള മമതയിൽനിന്ന് ആത്മീയമായി സ്വതന്ത്രരായിരിക്കുക എന്നതാണ്. ഭൗതികസമ്പത്തുള്ളവരിൽ സാധാരണയായി കാണുന്ന ഒരു പ്രവണത, തങ്ങൾക്ക് അനേകം വസ്തുക്കൾ ഉണ്ടെങ്കിലും അവയോടു മമതയില്ലെന്നു ന്യായീകരിക്കുന്നതാണ്. അങ്ങനെതന്നെയായിരിക്കട്ടെ എന്നു പ്രത്യാശിക്കാം. എന്നാൽ ലൂക്കാ അവതരിപ്പിക്കുന്ന സുവിശേഷഭാഗ്യങ്ങളിൽ, “ദരിദ്രരായ നിങ്ങൾ ഭാഗ്യവാന്മാർ” എന്നും “സമ്പന്നരായ നിങ്ങൾക്കു ദുരിതം” എന്നും യേശു നേരിട്ടു പറയുന്നു. മത്തായിയുടെ വിവരണത്തിൽ കാണാത്ത രണ്ടാമതൊരു അനുഗ്രഹം ഈ പ്രബോധനത്തിൽ നാം കണ്ടെത്തുന്നു. മമതയിൽനിന്നുള്ള ആത്മീയമായ സ്വാതന്ത്ര്യം (ആത്മാവിലെ ദാരിദ്ര്യം) ഒരു അനുഗ്രഹമായി ചൂണ്ടിക്കാണിക്കുന്നതിനു പുറമേ, ഈ ആത്മീയസ്വാതന്ത്ര്യം കൈവരിക്കാനുള്ള കൂടുതൽ എളുപ്പമായ മാർഗമായി അക്ഷരാർഥത്തിലുള്ള ദാരിദ്ര്യം പ്രഖ്യാപിക്കപ്പെടുന്നു. ഭൗതികസമ്പത്ത് അതിൽത്തന്നെ ഒരു പാപമല്ലെങ്കിലും, മമതയിലേക്കും സ്വന്തം കഴിവിൽ മാത്രം ആശ്രയിക്കുന്നതിലേക്കും സുഖഭോഗങ്ങളിൽ മുഴുകുന്നതിലേക്കും നയിക്കുന്ന അനേകം പ്രലോഭനങ്ങൾ അതോടൊപ്പം വരുന്നു. അതിനാൽ, ആത്മീയമായി പറഞ്ഞാൽ, സമ്പന്നനായിരിക്കുമ്പോഴുള്ളതിനെക്കാൾ ദരിദ്രനായിരിക്കുമ്പോഴാണ് മമതയിൽനിന്നു സ്വതന്ത്രനായിരിക്കാൻ കൂടുതൽ എളുപ്പം. ദരിദ്രർക്കും സമ്പന്നർക്കും ഒരുപോലെ അംഗീകരിക്കാൻ പ്രയാസമുള്ള ഒരു സത്യമാണിത്. സമ്പന്നരായാൽ തങ്ങളുടെ സമ്പത്ത് മറ്റുള്ളവരുമായി പങ്കുവെക്കുകയും അതിനോടു മമതയില്ലാതെ ജീവിക്കുകയും ചെയ്യുമെന്ന് ചിന്തിച്ചുകൊണ്ട് ദരിദ്രർ പലപ്പോഴും സമ്പന്നരാകാൻ ആഗ്രഹിക്കുന്നു. സമ്പന്നരാകട്ടെ, പലപ്പോഴും സമ്പന്നരായിരിക്കുന്നതിൽ ആനന്ദിക്കുകയും യഥാർഥത്തിലുള്ളതിനെക്കാൾ കൂടുതൽ ആത്മീയസ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

“വിശന്നിരിക്കുക” എന്നതും അനുഗൃഹീതമായ ഒരു അവസ്ഥയായി ചൂണ്ടിക്കാണിക്കപ്പെടുന്നു; എന്നാൽ “വയറുനിറഞ്ഞിരിക്കുക” അപകടകരമായ ഒരു അവസ്ഥയാണ്. ഉപവാസം മൂലമോ സമൃദ്ധമായി ഭക്ഷണം ലഭിക്കാത്തതുകൊണ്ടോ നിങ്ങൾക്ക് യഥാർഥത്തിൽ വിശക്കുമ്പോൾ, നിങ്ങളുടെ വിശപ്പും ദാഹവും ദൈവത്തിലേക്കു തിരിക്കാനും അങ്ങനെ അവിടുന്നാൽ നിറയപ്പെടാനും അവിടുത്തെ പരിപാലനത്തിൽ കൂടുതൽ എളുപ്പത്തിൽ ആശ്രയിക്കാനും സാധിക്കുന്നു. ഭക്ഷണത്തിന്റെ സമൃദ്ധി, പ്രത്യേകിച്ച് വിശിഷ്ടമായ ഭക്ഷണത്തിന്റെ സമൃദ്ധി, അമിതഭോജനത്തിൽനിന്നുള്ള തൃപ്തികൊണ്ടു നിങ്ങളെ പ്രലോഭിപ്പിക്കുന്നു. ദൈവത്തിനും അവിടുത്തെ തിരുഹിതത്തിനും വേണ്ടി പൂർണമായി വിശക്കാനും ദാഹിക്കാനും ഇതു തടസ്സമാകുന്നു. അതിനാൽ, നിങ്ങൾ അമിതഭോജനത്തിൽനിന്ന് വിട്ടുനിൽക്കുകയും വിശപ്പ് അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ, അമിതഭോജനത്തിൽനിന്നും അതിലേക്കുള്ള പ്രലോഭനത്തിൽനിന്നുപോലും സ്വതന്ത്രരാകാനുള്ള അനുഗ്രഹം നിങ്ങൾക്കു ലഭിക്കും.

ഇവിടെ “ചിരിക്കുക”, “കരയുക” എന്നിവ ആനന്ദത്തെയും നിരാശയെയുമല്ല സൂചിപ്പിക്കുന്നത്. മറിച്ച്, എപ്പോഴും വിനോദവും സുഖഭോഗപൂർണമായ ജീവിതവും തേടുന്നവരെയാണ് അവ സൂചിപ്പിക്കുന്നത്. അനേകർ ഉല്ലാസത്തിനും വിനോദത്തിനും ക്ഷണികസുഖങ്ങൾക്കും വേണ്ടിയാണ് ജീവിക്കുന്നത്. ലോകത്തിന്റെ ക്ഷണികസുഖങ്ങൾക്ക് ഒരിക്കലും തൃപ്തി നൽകാനാവില്ലെന്നു കണ്ടെത്തിയവരെയാണ് കരയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ, നിരന്തരമായ വിനോദം യഥാർഥമായ ഒരു പ്രലോഭനത്തെ കൂടെ കൊണ്ടുവരുന്നു; എന്നാൽ അത്തരം ക്ഷണികസുഖം നഷ്ടപ്പെടുന്നത് ആ പ്രലോഭനത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

അവസാനമായി, എല്ലാവരും നിങ്ങളെക്കുറിച്ചു നല്ലതു പറയുന്നതിനെക്കാൾ, തന്നെപ്രതി വെറുക്കപ്പെടുന്നതും പുറന്തള്ളപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ദുഷ്ടരെന്നു മുദ്രകുത്തപ്പെടുന്നതുമാണ് ഭാഗ്യമെന്ന് യേശു പ്രഖ്യാപിക്കുന്നു. നിത്യതയുടെ കാഴ്ചപ്പാടിൽ യാതൊരു മൂല്യവുമില്ലാത്ത കാര്യങ്ങളിൽനിന്നു ലഭിക്കുന്ന പ്രശംസയെയാണ് ഇവിടെ യേശു ഉദ്ദേശിക്കുന്നത്. യഥാർഥ ക്രൈസ്തവപുണ്യങ്ങളല്ലാത്ത ഗുണങ്ങളെയും നേട്ടങ്ങളെയും പുകഴ്ത്തിക്കൊണ്ട് എല്ലാവരും നമ്മെക്കുറിച്ചു നല്ലതു പറയുമ്പോൾ, നമ്മുടെ സംതൃപ്തിക്കായി ആ പ്രശംസയിൽ ആശ്രയിക്കാൻ നാം പ്രലോഭിതരാകും. എന്നാൽ ഈ തരത്തിലുള്ള സംതൃപ്തി വ്യർഥമഹത്വാഭിലാഷമല്ലാതെ മറ്റൊന്നുമല്ല; ഒടുവിൽ അത് ഒരിക്കലും യഥാർഥ സംതൃപ്തി നൽകുന്നില്ല. എന്നാൽ, ആരെങ്കിലും നമ്മിലുള്ള ദൈവത്തിന്റെ പുണ്യങ്ങൾ കാണുകയും അവയെ പ്രശംസിക്കുകയും ചെയ്യുമ്പോൾ, പ്രഥമമായും പ്രധാനമായും ദൈവമാണ് സ്തുതിക്കപ്പെടുന്നത്; ദൈവത്തിന്റെ മഹത്വത്തിൽ പങ്കുചേരാൻ നമുക്ക് അനുഗ്രഹവും ലഭിക്കുന്നു.

സമ്പന്നരായിരിക്കാനും ഏറ്റവും മികച്ച ഭക്ഷണങ്ങൾ ആസ്വദിച്ചുകഴിയാനും നിരന്തരം വിനോദങ്ങളിൽ മുഴുകാനും മറ്റുള്ളവരുടെ അസൂയയ്ക്കു പാത്രമാകാനുമാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്, അതോ ഇത്തരമൊരു ജീവിതം കൊണ്ടുവരുന്ന പ്രലോഭനങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. യഥാർഥത്തിൽ ദരിദ്രരും വിശക്കുന്നവരും മിതത്വം പാലിക്കുന്നവരും വിനീതരുമായവർക്ക് ലഭിക്കുന്ന സവിശേഷമായ ആത്മീയ അനുഗ്രഹങ്ങളെക്കുറിച്ചും വിചിന്തനം ചെയ്യുക. നമ്മിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന ഈശോയുടെ ഒരു പ്രബോധനമാണിത്. ഇത് നിങ്ങൾക്ക് സ്വീകാര്യമാകുന്നില്ലെങ്കിൽ, ജീവിതത്തിൽ നിങ്ങൾക്ക് ഇപ്പോഴും പലവിധ ആസക്തികളുണ്ടെന്നതിന്റെ അടയാളമാണതെന്ന് മനസ്സിലാക്കുക. പ്രത്യേകിച്ച്, സ്വീകരിക്കാൻ നിങ്ങൾക്ക് ഏറ്റവും പ്രയാസമുള്ള സുവിശേഷഭാഗ്യത്തെക്കുറിച്ച് വിചിന്തനം ചെയ്യുക; ആ സുവിശേഷഭാഗ്യത്തെ നിങ്ങളുടെ വിചിന്തനത്തിന്റെയും പ്രാർഥനയുടെയും ആധാരമാക്കുക. സത്യസന്ധതയോടും തുറന്ന മനസ്സോടുംകൂടെ അങ്ങനെ ചെയ്യുമ്പോൾ, ദൈവത്തിന്റെ ദൃഷ്ടിയിൽ യഥാർഥത്തിൽ ഭാഗ്യവാന്മാരായവരുടെ കൂട്ടത്തിൽ നിങ്ങളും ഉൾപ്പെടും.

എന്റെ വാഴ്ത്തപ്പെട്ട കർത്താവേ, ദാരിദ്ര്യത്തിലും വിശപ്പിലും മിതത്വത്തിലും വിനയത്തിലും അങ്ങ് പൂർണത കൈവരിച്ചിരുന്നു. ഇക്കാരണങ്ങളാൽ, അങ്ങ് പൂർണമായ സുകൃതങ്ങളാൽ നിറഞ്ഞവനും പരമമായ സംതൃപ്തി അനുഭവിച്ചവനുമായിരുന്നു. സ്വർഗരാജ്യത്തിന്റെ സമ്പത്ത് അനുഭവിച്ചുകൊണ്ട് അങ്ങയോടൊപ്പം യഥാർഥ വിശുദ്ധിയുടെ ജീവിതം നയിക്കാൻ എനിക്കു കഴിയേണ്ടതിന്, ഈ ലോകത്തിന്റെ വഞ്ചനകൾ തിരിച്ചറിയാൻ എന്റെ കണ്ണുകൾ തുറക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു!

വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം, മെത്രാനും വേദപാരംഗതനും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ഡാനിയെൽ ഡുകിച്ച് വരച്ച ഗിരിപ്രഭാഷണം , വിക്കിമീഡിയ കോമൺസ് വഴി