മലയാളം

രക്ഷയിലേക്കുള്ള ഏക വഴി

മേയ് 10, 2020
ഉയിർപ്പുകാലത്തിലെ അഞ്ചാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

“ഞാനാണ് വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.”  യോഹന്നാൻ 14:6

നിങ്ങൾ രക്ഷിക്കപ്പെട്ടവരാണോ?  ഇതിനുള്ള ഉത്തരം മൂന്നു വിധത്തിൽ “അതെ” എന്നായിരിക്കട്ടെ: മാമ്മോദീസയിലൂടെ കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; ദൈവത്തെ അനുഗമിക്കാൻ നിങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ കൃപയാലും കരുണയാലും നിങ്ങൾ തുടർന്നും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; സ്വർഗത്തിന്റെ മഹിമകളിലേക്കു പ്രവേശിക്കാനായി നിങ്ങളുടെ അവസാന മണിക്കൂറിൽ രക്ഷിക്കപ്പെടുമെന്ന് നിങ്ങൾ പ്രത്യാശിക്കുന്നു.  ഈ മൂന്നു വിധത്തിലും “അതെ” എന്ന് ഉത്തരം നൽകാൻ നമുക്കു കഴിയുന്നില്ലെങ്കിൽ, ജീവിതത്തിൽ നാം നേടുന്നതൊന്നിനും അർഥമില്ല.

നാം എങ്ങനെയാണു രക്ഷിക്കപ്പെടുന്നത് എന്ന് ഓർക്കുന്നതും പ്രധാനമാണ്.  രക്ഷ എന്ന അമൂല്യദാനം നമുക്കു ലഭിച്ചതും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതും ഇനിയും ലഭിക്കുമെന്നു നാം പ്രത്യാശിക്കുന്നതും എങ്ങനെയാണ്?  ഉത്തരം ലളിതമാണ്: പിതാവിലേക്കുള്ള നമ്മുടെ ഏകവഴിയായ യേശുക്രിസ്തുവിന്റെ ജീവിതം, മരണം, ഉത്ഥാനം എന്നിവയിലൂടെ.  അവിടുന്നിലൂടെയല്ലാതെ നമുക്കു രക്ഷ ലഭിക്കാൻ മറ്റൊരു വഴിയുമില്ല.

വെറുതെ “നല്ലവരായിരിക്കുന്നതിലൂടെ” നാം രക്ഷ നേടുന്നു എന്നു കരുതുന്ന കെണിയിൽ ചിലപ്പോൾ നാം വീണുപോയേക്കാം.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ സൽപ്രവൃത്തികളാണോ നിങ്ങളെ രക്ഷിക്കുന്നത്?  ശരിയായ ഉത്തരം “അതെ” എന്നും “അല്ല” എന്നുമാണ്.  ക്രിസ്തുവുമായുള്ള ഐക്യത്തിന്റെ അനിവാര്യമായ ഒരു ഭാഗമാണ് നമ്മുടെ സൽപ്രവൃത്തികൾ എന്ന അർഥത്തിൽ മാത്രമാണ് “അതെ” എന്ന ഉത്തരം ശരിയാകുന്നത്.  അവിടുത്തെ കൂടാതെ നന്മയായ ഒന്നും ചെയ്യാൻ നമുക്കു കഴിയില്ല.  എന്നാൽ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുകയും അങ്ങനെ രക്ഷയുടെ പാതയിലായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, സൽപ്രവൃത്തികൾ നമ്മുടെ ജീവിതത്തിൽ അനിവാര്യമായും ഉണ്ടായിരിക്കും.  എന്നാൽ യേശു, യേശു മാത്രമാണ് ഏക രക്ഷകൻ എന്ന അർഥത്തിൽ ഉത്തരം “അല്ല” എന്നുമാണ്.  നല്ലവരാകാൻ നാം എത്ര കഠിനമായി പരിശ്രമിച്ചാലും നമുക്കു നമ്മെത്തന്നെ രക്ഷിക്കാനാവില്ല.

നമ്മുടെ ഇവാഞ്ചലിക്കൽ ക്രൈസ്തവ സഹോദരീസഹോദരന്മാർക്കിടയിൽ ഈ ചർച്ച ഏറെ പരിചിതമാണ്.  എന്നാൽ നമുക്കും നന്നായി പരിചിതമായിരിക്കേണ്ട ഒരു ചർച്ചയാണിത്.  ഈ ചർച്ചയുടെ ഹൃദയസ്ഥാനത്ത് യേശുക്രിസ്തു എന്ന വ്യക്തിയാണ്.  അവിടുന്ന്, അവിടുന്ന് മാത്രം, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായിരിക്കണം; വഴിയും സത്യവും ജീവനും ആയി നാം അവിടുത്തെ കാണണം.  സ്വർഗത്തിലേക്കുള്ള ഏകവഴി അവിടുന്നാണ്; നാം വിശ്വസിക്കേണ്ട സത്യത്തിന്റെ പൂർണത അവിടുന്നാണ്; നാം ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ജീവനും കൃപയിലുള്ള ഈ പുതിയ ജീവിതത്തിന്റെ ഉറവിടവും അവിടുന്നാണ്.

നിങ്ങളുടെ ജീവിതത്തിൽ യേശുവിനുള്ള കേന്ദ്രസ്ഥാനത്തെയും അതുല്യമായ പങ്കിനെയും കുറിച്ച് ഇന്ന് ധ്യാനിക്കുക.  അവിടുത്തെ കൂടാതെ നിങ്ങൾ ഒന്നുമല്ല; എന്നാൽ അവിടുത്തോടുകൂടെ നിങ്ങൾ പരിപൂർണ സാഫല്യത്തിന്റെ ജീവൻ പ്രാപിക്കുന്നു.  നിങ്ങളുടെ കർത്താവും രക്ഷകനുമായി ഇന്ന് അവിടുത്തെ തികച്ചും വ്യക്തിപരവും പ്രായോഗികവുമായ വിധത്തിൽ തിരഞ്ഞെടുക്കുക.  അവിടുത്തെ കൂടാതെ നിങ്ങൾ ഒന്നുമല്ലെന്ന് വിനയത്തോടെ സമ്മതിക്കുക; സ്വർഗത്തിലുള്ള തന്റെ സ്നേഹനിധിയായ പിതാവിന് നിങ്ങളെ സമർപ്പിക്കാനായി അവിടുത്തെ നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരാൻ അനുവദിക്കുക.

എന്റെ കർത്താവേ, എന്റെ രക്ഷകനേ, ഇന്ന് ഞാൻ അങ്ങയോട് “അതെ” എന്നു പറയുന്നു; എന്റെ കർത്താവും രക്ഷകനുമായി അങ്ങയെ എന്റെ ജീവിതത്തിലേക്കു സ്വീകരിക്കുന്നു.  കൃപയിലുള്ള എന്റെ ജീവിതത്തിനു തുടക്കം കുറിച്ച മാമ്മോദീസ എന്ന ദാനത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങേക്ക് എന്റെ ജീവിതത്തിലേക്കു കൂടുതൽ പൂർണമായി കടന്നുവരാൻ കഴിയേണ്ടതിന്, അങ്ങയെ അനുഗമിക്കാനുള്ള എന്റെ തീരുമാനം ഇന്ന് ഞാൻ പുതുക്കുന്നു.  അങ്ങ് എന്റെ ജീവിതത്തിലേക്കു കടന്നുവരുമ്പോൾ, എന്നെ സ്വർഗസ്ഥനായ പിതാവിനു സമർപ്പിക്കണമേ.  പ്രിയ യേശുവേ, അങ്ങയോടുകൂടെ ഞാനും നിത്യമായ ഒരു സമർപ്പണമാകേണ്ടതിന് എന്റെ എല്ലാ പ്രവൃത്തികളും അങ്ങ് നയിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ആന്ദ്രേയ പ്രെവിതാലി രചിച്ച ലോകത്തിന്റെ രക്ഷകൻ